മുംബൈ: ഹൈദരാബാദിന്റെ 277 റൺസ് ചേസ് ചെയ്യാൻ ശ്രമിച്ച ടീമാണ്. ഇതൊന്നും അവർക്ക് പുത്തരിയല്ല. ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിൽ ഒന്നാണിത്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ അനായാസം റൺ ചേസ് പൂർത്തിയാക്കിയതോടെയാണ് ഇത് പ്രചരിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു ഉയർത്തിയ 196 റൺസ് മുംബൈ ഇന്ത്യൻസ് മറികടന്നത് 15.3 ഓവറിൽ. തകർത്തടിച്ച് സൂര്യയും ഇഷാനും രോഹിത്തും. വിജയം പൂർത്തിയാക്കി നായകൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും. സൂര്യകുമാർ 19 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 52 റൺസെടുത്ത് പുറത്തായി. 34 പന്തിൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 69 റൺസെടുത്ത ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ.
നേരത്തെ, ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി (40 പന്തിൽ 61), രജത് പാട്ടിദാർ (26 പന്തിൽ 50), ദിനേഷ് കാർത്തിക് (23 പന്തിൽ 53*) എന്നിവരുടെ അർധസെഞ്ചറിയാണ് മികച്ച സ്കോറിലേക്ക് ആർസിബിയെ എത്തിച്ചത്. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് ബുമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം. ആർസിബിക്കെതിരെ ഐപിഎല്ലിൽ ഒരു താരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്. ഐപിഎലിൽ രണ്ടു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ ബോളർ കൂടിയാണ് ബുമ്ര. ജയിംസ് ഫോക്നർ, ജയ്ദേവ് ഉനദ്കട്, ഭുവനേശ്വർ കുമാർ എന്നിവരാണ് ബുമ്രയുടെ മുൻഗാമികൾ.