മത്സര മികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങളും മാറിമറിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന ജയം. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനൊപ്പം (53 പന്തിൽ 78) രോഹിത് (25 പന്തിൽ 36), തിലക് വർമ (18 പന്തിൽ 34 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവുകൾക്കൂടി സമാസമം ചേർന്നപ്പോൾ പഞ്ചാബിനു മുന്നിൽ മുംബൈ കെട്ടിപ്പൊക്കിയത് 193 റൺസിന്റെ വിജയലക്ഷ്യം. തുടക്കത്തിൽ പോരാട്ടത്തിനുപോലും ഇല്ലെന്ന് തോന്നിപ്പിച്ച പഞ്ചാബ് പിന്നീട് ആഞ്ഞടിച്ചപ്പോൾ മുംബൈയും കിടുങ്ങി. ഒടുവിൽ കളിമികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങൾകൂടി കളംവാണതോടെ അവസാന ഓവറിൽ പഞ്ചാബിന് കാലിടറി. മുംബൈ വിജയം 9 റൺസിന്. സ്കോർ: മുംബൈ – 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183.
നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആകെ 13 വിക്കറ്റ് നേട്ടത്തോടെ പർപ്പിൾ ക്യാപും ബുമ്ര സ്വന്തമാക്കി. പഞ്ചാബിനായി യുവതാരം അശുതോഷ് ശർമ നടത്തിയ വെടിക്കെട്ടാണ് മത്സരം ആവേശമാക്കിയത്. 7 സിക്സും 2 ഫോറും നേടിയ താരം ഒറ്റക്ക് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിയെങ്കിലും 18ാം ഓവറിൽ താരം പുറത്തായി. അവസാന ഓവറിൽ റബാഡ കൂടി റണ്ണൗട്ടായതോടെ പഞ്ചാബിന്റെ പോരാട്ടം 9 റൺസ് അകലെ അവസാനിക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ മുംബൈ ഏഴാമതും പഞ്ചാബ് ഒമ്പതാമതുമാണ്.