മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇ മെയിലിലൂടെ ഭീഷണി. ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ചയാണ് ഈ മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സഹര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ 2 ബോംബ് വെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
മെയിലിന്റെ ഐപി അഡ്രസ് ട്രാക്ക് ചെയ്തുതായും അതേസമയം, ഇമെയില്‍ അയച്ചയാളുടെ ലോക്കേഷന്‍ കണ്ടെത്തിയിട്ടില്ലെന്നും ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അജ്ഞാതനായ വ്യക്തിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു.