


ഭോപാൽ : അയോധ്യയിലെ രാമക്ഷേത്രത്തിലെയും ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെയും സംഭാവന വെട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിലും കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുന്നു. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലുള്ള ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണവും സ്വർണ്ണ-വെള്ളി ആഭരണങ്ങളും തട്ടിയെടുക്കാൻ സമാന്തരമായി ഒരു സ്വകാര്യ സമിതി പ്രവർത്തിച്ചിരുന്നു എന്ന പരാതിയിലാണ് ഇപ്പോൾ ജില്ലാ കലക്ടർ പ്രീതി യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സർക്കാരിന്റെ ഔദ്യോഗിക മാനേജ്മെന്റ് കമ്മിറ്റി നിലവിലിരിക്കെയാണ്, രജിസ്റ്റർ ചെയ്യാത്ത ഒരു അനധികൃത സമാന്തര സമിതി രൂപീകരിച്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൂടെ ഭക്തരുടെ സംഭാവനകൾ വൻതോതിൽ വകമാറ്റിയതായി കണ്ടെത്തിയത്. മൂന്നംഗ ഉന്നതതല അന്വേഷണ സമിതിയോട് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്
അഗർ-മാൽവ ജില്ലാ പഞ്ചായത്ത് സിഇഒബിഎസ് സോളങ്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ ട്രഷറി ഓഫീസർ മനീഷ് സോളങ്കി, നാൽഖേഡ മുനിസിപ്പൽ കൗൺസിൽ ചീഫ് മുൻസിപ്പൽ ഓഫീസർ മിനി അഗർവാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ക്ഷേത്ര പരിസരം അടിയന്തരമായി പരിശോധിക്കാനും, അക്കൗണ്ട് രേഖകൾ ഓഡിറ്റ് ചെയ്യാനും, ബന്ധപ്പെട്ട വ്യക്തികളുടെ മൊഴിയെടുത്ത് തെളിവുകൾ ശേഖരിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സമിതി രൂപീകരിച്ചതെന്നും ഏഴ് ദിവസത്തിനകം വസ്തുതാന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ കർശനമായ പൊലീസ് നടപടി ഉണ്ടാകുമെന്നും കളക്ടർ പ്രീതി യാദവ് സ്ഥിരീകരിച്ചു.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അടുത്ത അനുയായികൾ ചേർന്നാണ് ഈ വ്യാജ സമിതിക്ക് രൂപം നൽകിയതെന്നാണ് വിവരം. വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാർ, ഭക്തരുടെ പണം കൊള്ളയടിച്ചവർക്കെതിരെ സുതാര്യമായ അന്വേഷണവും ശക്തമായ ശിക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്ര സമിതിക്ക് പുറത്തുള്ള ചില വ്യക്തികളാണ് തട്ടിപ്പ് നടത്തിയതെന്നും അവരെ സർക്കാർ വെറുതെ വിടില്ലെന്നും മധ്യപ്രദേശ് ആത്മീയ-ദാനനിധി മന്ത്രി ധർമ്മേന്ദ്ര ലോധിയും വ്യക്തമാക്കി.
ഹൈന്ദവ വിശ്വാസപ്രകാരം പത്ത് മഹാവിദ്യകളിൽ ഒന്നായ ‘ബഗലാമുഖി’ ദേവിക്കായി സമർപ്പിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രശസ്തമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ശത്രുനാശം, നെഗറ്റീവ് ഊർജ്ജങ്ങളിൽ നിന്നുള്ള സംരക്ഷണം, നിയമപരമായ തർക്കങ്ങളിലെ വിജയം എന്നിവയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് പ്രതിവർഷം ഇവിടെയെത്തുന്നത്. കൗരവർക്കെതിരെയുള്ള യുദ്ധവിജയത്തിനായി ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം യുധിഷ്ഠിരൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഐതിഹ്യം.
ഇവിടുത്തെ അതിതീവ്രമായ ‘മുളക് യാഗം’ അടക്കമുള്ള തന്ത്രിക പൂജകൾ ഏറെ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും തങ്ങളുടെ വിജയസാധ്യത ഉറപ്പാക്കാൻ ഈ ക്ഷേത്രത്തിലെത്തി രഹസ്യമായി പ്രത്യേക താന്ത്രിക കർമ്മങ്ങൾ നടത്താറുണ്ട്. ഇത്രയും പ്രശസ്തമായ ക്ഷേത്രത്തിലാണ് ഇപ്പോൾ കോടികളുടെ അഴിമതി പുറത്തുവന്നിരിക്കുന്നത്.