മ്യൂണിക്ക് : ജർമൻ അതികായരായ ബയേൺ മ്യൂണിക്കിന്റെ എവർ ഗ്രീൻ തോമസ് മുള്ളർ കഴിഞ്ഞ ദിവസം ഒരു അപൂർവ നേട്ടം സ്വന്തമാക്കി. 500 ക്ലബ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബയേൺ മ്യൂണിക്ക് താരമായി മുള്ളർ മാറി.
കരിയറിൽ ബയേണിനു മാത്രമായി കളിച്ചിട്ടുള്ള താരമായ മുള്ളർ മോൺചെൻഗ്ലാഡ്ബാചിനെതിരായ പോരാട്ടം ബയേൺ വിജയിച്ചതോടെയാണ് നേട്ടം തൊട്ടത്. മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ താരം സ്ഥാനം നേടി കളത്തിൽ നിർണായക കരുത്തായി മാറുകയും ചെയ്തു.
ഒരു ഗോളിനു പിന്നിൽ നിന്നാണ് ബയേൺ 3-1ന്റെ വിജയം അലയൻസ് അരീനയിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ബയേണിനെ സമനില ഗോളിലേക്ക് നയിച്ചത് 34കാരനായ മുള്ളറുടെ അസിസ്റ്റായിരുന്നു. താരത്തിന്റെ അസിസ്റ്റിൽ പാവ്ലോവിചാണ് ഗോൾ നേടിയത്.
മത്സര ശേഷം താരത്തെ ക്ലബ് ആദരിച്ചു. 500 എന്നെഴുതിയ ജേഴ്സിയും താരത്തിനു സമ്മാനിച്ചു.
2008 മുതൽ ബയേൺ ജേഴ്സിയിൽ കളിക്കുന്ന താരമാണ് മുള്ളർ. 2012ൽ 22ാം വയസിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനെതിരായ സെമി ഫൈനൽ വിജയമാണ് ബയേണിനൊപ്പമുള്ള 100ാം വിജയം. 2014ൽ ഫ്രീബർഗിനെതിരെ 200ാം വിജയം. 2018ൽ ഹോഫെൻഹെയിമിനെതിരെ 300ാം വിജയം.
400ാം വിജയം 2020ൽ റെഡ് ബുൾ സാൽസ്ബർഗിനെതിരെ ചാമ്പ്യൻസ് ലീഗിൽ. 500ാം വിജയം മോൺചെൻഗ്ലാഡ്ബാചിനെതിരെ.
ക്ലബിനായി ഇതുവരെ 690 മത്സരങ്ങൾ കളിച്ചു. 237 ഗോളുകൾ നേടി. 12 ബുണ്ടസ് ലീഗ കിരീട നേട്ടങ്ങളിൽ പങ്കാളി. രണ്ട് തവണ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് നേട്ടങ്ങളും. ബയേണിനൊപ്പം ആകെ 32 കിരീടങ്ങൾ. ജർമനിക്കൊപ്പം 2014ൽ ലോകകപ്പ് നേട്ടത്തിലും പങ്കാളി.