ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറക്കുക.ജലനിരപ്പ് 142 അടിയിലേക്കെത്തുമെന്ന സാഹചര്യമുണ്ടായാല്‍ ഡാം തുറക്കാനാണ് തമിഴ്നാടിന്റെ തീരുമാനം. 138.40 അടിക്ക് മുകളിലാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
സെക്കന്‍ഡില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്കി.പെരിയാറില്‍ വെളളം കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്.
തമിഴ്നാട്- കേരള വനാതിര്‍ത്തി മേഖലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അതി ശക്തമായ മഴയാണ് ഉണ്ടായിരുന്നത്. ഇതാണ് ജലനിരപ്പുയരാന്‍ കാരണം. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാലും ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്നുമാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തുറന്ന് പതിനായിരം ഘനയടി വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.