ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തമിഴ്നാട് പഠനം നടത്തുമെന്ന് മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര പഠനത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെ, ഇതിനുള്ള നടപടികള്‍ തമിഴ്നാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ നടത്തി ധാരണയിലെത്തിയാല്‍ പഠനം തമിഴ്നാട് നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കേരളത്തിന്റെ താത്പര്യങ്ങള്‍ക്കും കേരളം മുന്നോട്ടുവെയ്ക്കുന്ന നിലപാടുകള്‍ക്കും വിരുദ്ധമാണ് എന്നാണ് വിലയിരുത്തല്‍.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചത്. കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുന്‍കൂര്‍ അറിയിക്കുന്ന കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിനു താല്‍ക്കാലിക പരിഹാരം കാണാനാണ് നിലവില്‍ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.