കൊല്ലം : കാണാതായ അബിഗേലിനെ തിരിച്ചു കിട്ടിയ സന്തോഷം പങ്കുവെച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിലൂടെ എംഎൽഎ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ ‘നമ്മുടെ മോൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മുകേഷ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ എംഎൽഎ മുകേഷും കാണാൻ എത്തിയിരുന്നു.
‘കുട്ടി ഇപ്പോൾ സന്തോഷവതിയാണ്. എന്റെ കയ്യിൽ വന്നു, എന്നെ അറിയാമെന്ന് പറഞ്ഞു. ആശ്രാമം മൈതാനം എന്റെ മണ്ഡലത്തിൽ വരുന്നതാണ്. അവിടെയാണ് അവർ കുട്ടിയെ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ട് പോയാൽ പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായതു കൊണ്ടാണ് അവർ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചിട്ടുണ്ടാവുക. കുട്ടിക്ക് ചെറിയൊരു പോറൽ പോലും ഉണ്ടാകാതിരുന്നത് എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണ്. ഇതിന് പിന്നിലെ പ്രതികളെ പിടിക്കും, പൊലീസിന്റെ എഫർട്ടിനെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ഓയൂരിൽ നിന്ന് ഇന്നലെ വൈകീട്ട് 4.45നാണ് ആറു വയസുകാരിയായ അബിഗേൽ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. എട്ട് വയസുകാരൻ സഹോദരനൊപ്പം ട്യൂഷൻ ക്ലാസിന് പോകുമ്പോഴാണ് സംഭവം.18 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.