കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ 100 പോലും കടക്കാതെ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ലങ്ക വെറും 15.2 ഓവറില്‍ 50 റണ്‍സില്‍ ഓള് ഔട്ട്! കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്ക് വേണ്ടത് വെറും 51 റണ്‍സ്. കൈയില്‍ പത്ത് വിക്കറ്റുകളും. ടോസ് ചെയ്തതിനു പിന്നാലെ മഴ എത്തി. മത്സരം വൈകിയാണ് തുടങ്ങിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക ഇതുപോലൊരു കൂട്ടത്തകര്‍ച്ച സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല. ഏകദിനത്തില്‍ അവര്‍ നേടുന്ന രണ്ടാമത്തെ കുറഞ്ഞ സ്കോറാണിത്. 43 റണ്‍സിനു ഓള്‍ഔട്ടായതാണ് ഒന്നാമത്. 55 റണ്‍സിലും അവര്‍ ഒരു മത്സരത്തില്‍ പുറത്തായി. മുഹമ്മദ് സിറാജിന്റെ കൊടുങ്കാറ്റ് വേഗ പേസില്‍ ലങ്കന്‍ മുന്‍നിര കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ കടപുഴകി വീണു. താരം ഏഴോവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. താരത്തിന്റെ ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റിനു മുകളിലുള്ള നേട്ടം. ഏകദിനത്തിലെ സിറാജിന്റെ മികച്ച ബൗളിങ് പ്രകടനവും ഇതു തന്നെ. നാലാം ഓവറില്‍ സിറാജ് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ മാരക പ്രഹരത്തില്‍ ലങ്കയുടെ വിധി ഏതാണ്ട് കുറിക്കപ്പെട്ടു. അതിത്ര ദയനീയമാകുമെന്നു ആരും പ്രതീക്ഷിച്ചില്ല.
അവസാന വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ദിക് പാണ്ഡ്യ ശ്രീലങ്കന്‍ ഇന്നിങ്സിനു തിരശ്ശീലയുമിട്ടു. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ജസ്പ്രിത് ബുമ്ര നേടി. കുശാല്‍ മെന്‍ഡിസും ഒന്‍പതാമനായി ക്രീസിലെത്തിയ ദഷുന്‍ ഹേമന്ദയുമാണ് ലങ്കന്‍ സ്കോര്‍ 50 എങ്കിലും കടത്തിയത്. മൂന്ന് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി. കുശാല്‍ മെന്‍ഡിസ് 17 റണ്‍സും ഹേമന്ദ 13 റണ്‍സും കണ്ടെത്തി. ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന രണ്ട് ബാറ്റര്‍മാര്‍ ഇവരായിരുന്നു. ഹേമന്ദ പിന്തുണയ്ക്കാന്‍ ആളില്ലാതെ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ഏകനായി ക്രീസില്‍ അവശേഷിച്ചു. ഒരു റണ്‍ ചേര്‍ത്തപ്പോഴേക്കും അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട്, മൂന്ന്, നാല് വിക്കറ്റുകള്‍ എട്ട് റണ്‍സില്‍ വീണു. അഞ്ച്, ആറ് വിക്കറ്റുകള്‍ 12 റണ്‍സിനിടെയും കടപുഴകി. 33ല്‍ ഏഴാം വിക്കറ്റും 40ല്‍ എട്ടാം വിക്കറ്റും 50റണ്‍സില്‍ ഒന്‍പത്, പത്ത് വിക്കറ്റുകളും വീണു.