ന്യൂഡല്‍ഹി : എഴാം ക്ലാസിലെ എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം പുറത്ത്. മുഗള്‍ രാജാക്കന്മാരെ കുറിച്ചും ഡല്‍ഹിയിലെ മുസ്ലീം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്, പകരം മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ കുറിച്ചുളള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയും പാഠപുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്
ഏഴാം ക്ലാസിലെ സോഷ്യല്‍ സയന്‍സില്‍ രണ്ട് പുസ്തകളില്‍ പാര്‍ട്ട് ഒന്നില്‍ നിന്നാണ് രണ്ട് അധ്യായങ്ങള്‍ ഒഴിവാക്കിയത്. ഇതിന് പകരമായി മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ കുറിച്ചുളള അധ്യായങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെയും മുഗളരാജക്കന്മാരെ കുറിച്ചുള്ള ഭാഗങ്ങള്‍ എന്‍സിഇആര്‍ടി പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പരിഷ്കരിച്ച പുതിയ പതിപ്പില്‍ നിന്നാണ് പൂര്‍ണമായും മുഗള്‍രാജാക്കന്‍മാരെയും ഡല്‍ഹിയിലെ മുസ്ലീം രാജാക്കന്മാരെ ഒഴിവാക്കിയത്.
2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായാണ് മാറ്റം വരുത്തിയതെന്നാണ് എന്‍സിഇആര്‍ടി പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ പാരമ്പര്യം കൂടുതല്‍ ഉള്‍ക്കൊള്ളുന്ന പാഠശകലങ്ങളും ചരിത്രവിശകലനങ്ങളും സോഷ്യല്‍ സയന്‍സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും എന്‍സിഇആര്‍ടി പറയുന്നു. 2025 മഹാ കുംഭമേളയെ കുറിച്ചുളള ഭാഗങ്ങള്‍ക്കൊപ്പം മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളെ പറ്റിയും ചാര്‍ധാം യാത്ര, ജ്യോതിര്‍ലിംഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പുതിയ പുസ്തകത്തിലുണ്ട്.
നേരത്തെ മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും പുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പരിഷ്കരിച്ചിരുന്നു. ഏഴാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകത്തില്‍ ഇന്ത്യന്‍ എഴുത്തുകാരുടെ കഥകളും കവിതകളും ഉപന്യാസങ്ങളും കൂടുതലായി ഇടംപിടിച്ചു. ടാഗോര്‍, എപിജെ അബ്ദുള്‍ കലാം, റസ്കിന് ബോണ്ട് എന്നിവരുടെ രചനകളും ഇതില്‍പ്പെടുന്നു. മുന്‍പത്തെ ഇംഗ്ലീഷ് പുസ്തകത്തില്‍ പതിനേഴ് രചനകളില്‍ നാലെണ്ണം മാത്രമായിരുന്നു ഇന്ത്യന്‍ എഴുത്തുകാരുടെത്. ഇത്തവണ 15ല്‍ ഒന്‍പതും തദ്ദേശീയ എഴുത്തുകാരുടെതാണ്.