കോഴിക്കോട് : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന് മുഈന്‍ അലി ശിഹാബ് തങ്ങൾക്ക് എതിരെയുണ്ടായ വധഭീഷണിയിൽ രൂക്ഷപ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കുഞ്ഞാലിക്കൂട്ടി പ്രതിഷേധം അറിയിച്ചത്. പാണക്കാട് കുടുംബത്തിനു നേരെയുള്ള ഇത്തരത്തിലുള്ള പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്ന് കുറിച്ചു. വിഷയത്തിലും കർശന നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
‘കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണ്. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ല. അത് കൊണ്ട് തന്നെ ഇത് തീർത്തും പ്രതിഷേധാർഹമായ കാര്യം തന്നെയാണ് . മുസ്ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുന്നതാണ്.’– കുഞ്ഞാലിക്കുട്ടി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തങ്ങള്‍ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കില്‍ വീല്‍ച്ചെയറില്‍ പോകേണ്ടി വരുമെന്നായിരുന്നു ഭീഷണി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈന്‍ അലി ആരോപിച്ചു.