കോഴിക്കോട്: എന്തിനുമൊരു രണ്ടാം ഭാവമുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച എം.ടി. വാസുദേവന്‍നായര്‍ക്ക് ഇന്നു നവതി. കാലം ഇന്നലെകളിൽ ഇരുണ്ട നിറത്തിൽ അടയാളപ്പെടുത്തിയ ഭീമനും ചന്തുവിനുമെല്ലാം ഒരു പുനർവായനക്ക് പ്രേരിപ്പിച്ചതടക്കം മലയാളികളുടെ ചിന്താധാരയെ വേറിട്ട വഴികളിലൂടെ നടത്തിയാണ് എംടി തൊണ്ണൂറാം വയസിലെത്തുന്നത്. കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും സാഹിത്യസൃഷ്ടികളിൽ വൈകാരിക തീക്ഷ്ണതയോടെ, അനുഭൂതിജനകമാം വിധം ആ കാഴ്ച പകർന്നു വയ്ക്കുകയും ചെയ്തു കൊണ്ടാണ് എംടി മൂന്നു തലമുറയിലെ മലയാളികളെ ഭ്രമിപ്പിച്ചത്.
എഴുപതു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാഹിത്യ സപര്യയാണ് ഈ മഹാ കഥാകാരന്റെത്. മനുഷ്യജീവിതത്തിന്റെ സ്ഥായീഭാവങ്ങള് കോറിയിട്ട എഴുത്തുകാരനാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എംടി. പുന്നയൂര്‍കുളത്തുകാരനായ ടി. നാരായണന് നായരുടെയും കുടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായി 1933 ജൂലായ് 15നാണ് എംടി. ജനിച്ചത്. തൃശൂരിലെ പുന്നയൂര്‍ക്കുളത്തും പാലക്കാട്ടെ കൂടല്ലൂരുമായിരുന്നു ചെറുപ്പകാലം. ഇപ്പോള്‍ കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡില്‍ ‘സിതാര’യിലാണു താമസം. പത്രാധിപര്‍, നോവലിസ്റ്റ്, സിനിമ തിരക്കഥാകൃത്ത് തുടങ്ങി കലാ – സാംസ്കാരിക ലോകത്ത് തിളക്കമാര്‍ന്ന സംഭാവനകളാണ് എം.ടി മലയാളത്തിനു പകര്ന്നുനല്കിയത്.1995-ലെ ജ്ഞാനപീഠ പുരസ്കാരമടക്കം നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയത്തി. 2005-ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു. നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും എംടിയുടെ കൃതികള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.