ചെന്നൈ: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 22ന് ചെന്നൈയും ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ധോണിയുടെ അവസാന സീസണാണെന്ന് പ്രതീക്ഷിക്കുന്ന ഈ സീസണിൽ ധോണിക്ക് വേണ്ടി കിരീടം നേടുകയാണ് ചെന്നൈയുടെ ലക്ഷ്യം.
എന്നാൽ ഈ സീസണിൽ പുതിയ റോളിലെത്തുന്നതിനായി കാത്തിരിക്കുകയാണെന്ന ധോണിയുടെ സാമൂഹിക മാധ്യമ പോസ്റ്റും ചർച്ചയാകുകയാണ്. എന്നാൽ എന്താണ് റോൾ എന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രസകരമായ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം അംബാട്ടി റായിഡു . ഈ സീസണോടെ കളി നിർത്തുകയാണെങ്കിൽ എം.എസ്. ധോണിക്കൊപ്പം മറ്റൊരാൾ കൂടി ക്യാപ്റ്റനായുണ്ടാകുമെന്നും രണ്ടാംഘട്ട മത്സരങ്ങളിൽ പുതിയ ക്യാപ്റ്റനാകും ചെന്നൈയെ നയിക്കുകയെന്നും റായിഡു പറയുന്നു. കാൽമുട്ടിന് പരുക്കുള്ളതിനാൽ എല്ലാ മത്സരങ്ങളിലും ധോണി മുഴുവൻ സമയം ഗ്രൗണ്ടിൽ ഉണ്ടാകണമെന്നില്ല. ഇംപാക്ട് പ്ലെയറുടെ റോളിലും ധോണിയെ കണ്ടേക്കാമെന്ന് റായിഡു പറയുന്നു.
എന്നാൽ നേരത്തെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി പരീക്ഷിച്ചിരുന്നെങ്കിലും ചെന്നൈക്ക് നിരാശയായിരുന്നു ഫലം. അതിനാൽ ഇത്തവണ ഋതുരാജ് ഗയ്ക്വാദിനെയാകും ചെന്നൈ നായക സ്ഥാനത്തേക്കു പരിഗണിക്കുക. വീണ്ടും മറ്റൊരു സീസണിൽ കൂടി ചെന്നൈക്കു വേണ്ടി പാടണിയാൻ തയാറായാൽ ധോണി തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരും. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ പരുക്കു വകവയ്ക്കാതെയായിരുന്നു ധോണി കളിച്ചതെന്നും റായിഡു പറഞ്ഞു.
ഇംപാക്ട് പ്ലെയര്‍ നിയമം നിലവിലുള്ളതിനാല്‍ ധോണിക്ക് മത്സരത്തിനിടയില്‍ തിരിച്ചുകയറി മറ്റൊരു കളിക്കാരനെ ഗ്രൗണ്ടിലിറക്കാം. ധോണി ബാറ്റിങ് പൊസിഷൻ മാറി കളത്തിലിറങ്ങാനും സാധ്യതയുണ്ട്. എന്നാൽ അത് ടോപ് ഓഡറിൽ ആവില്ല. ഒന്നോ രണ്ടോ സ്ഥാനം മാത്രം ഉയർത്താനാകും അദ്ദേഹം ശ്രദ്ധിക്കുകയെന്നും റായിഡു അഭിപ്രായപ്പെട്ടു.