തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ എഡിജിപി എം.ആർ അജിത്കുമാർ ഇല്ല. ഡിജിപി കൂടി പങ്കെടുത്ത യോഗത്തിലാണ് അജിത്കുമാർ വിട്ടുനിന്നത്. യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് വിവരം. എഡിജിപിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് ഓൺലൈനായാണ് യോഗം ചേർന്നത്.
ശബരിമലയിലെ പൊലീസ് ചീഫ് കോർഡിനേറ്ററാണ് എം.ആർ അജിത്കുമാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് ഈ ചുമതല നൽകാറുള്ളത്. എന്നിട്ടും എം.ആർ അജിത്കുമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കിയതുകൊണ്ടാണ് എന്നാണ് വിവരം. എഡിജിപിക്ക് എതിരായ സർക്കാർ നടപടി ഉടനുണ്ടാവുമെന്നതിന്റെ സൂചനയാണ് ഈ മാറ്റിനിർത്തൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.