തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടിയില്ലെന്ന് സൂചന. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ എഡിജിപിക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ച ഡിജിപി അന്വേഷിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഇതോടെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചവര്‍ തല്ക്കാലം നിലപാട് മയപ്പെടുത്തി.
മുന്നണിയോഗത്തിന്റെ അജണ്ടയില്‍ അജിത് കുമാറിന്റെ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ആര്‍ജെഡി നേതാവ് വറുഗീസ് ജോര്‍ജാണ് ഈ വിഷയം അവതരിപ്പിച്ചത്. സിപിഐ ഉള്‍പ്പെടയുള്ള ഘടകക്ഷികള്‍ നടപടി ആവശ്യപ്പെട്ടു. എന്നാല്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രമാണ് ഡിജിപിയുടെ സംഘം അന്വേഷിച്ചിരുന്നത്. എന്നാല്‍ അതോടൊപ്പം കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഒരുമാസത്തിനുള്ളില്‍ സംഘം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചതായി വറുഗീസ് ജോര്‍ജും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. യോഗതീരുമാനം കണ്‍വീനര്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് യോഗശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.