തിരുവനന്തപുരം : ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം.ആർ.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനം. സ്ക്രീനിങ് കമ്മിറ്റി ശിപാർശ മന്ത്രിസഭ അംഗീകരിച്ചു.
ഈയിടെ ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകിയിരുന്നു. യുപിഎസ്സി ആണ് വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക.
ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി. തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ നിലവിൽ അജിത്കുമാർ അന്വേഷണം നേരിടുകയാണ്. എന്നാൽ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.
നിലവിൽ മൂന്ന് കേസുകളിലും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്പെൻഷൻ അടക്കമുള്ള നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല. സ്ഥാനക്കയറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ ലഭിച്ചിട്ടുമില്ല. അതിനാൽ സ്ഥാനക്കയറ്റം ലഭിക്കാൻ അജിത്കുമാറിന് വെല്ലുവിളികൾ ഉണ്ടാവില്ല. അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടാഴ്ച കൊണ്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ നീക്കം.