ന്യൂഡല്‍ഹി : എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) അംഗീകരിക്കപ്പെട്ട ബിരുദം അല്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യുജിസി). എംഫില്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്കി.
ചില സര്‍വകലാശാലകള്‍ എംഫില്‍ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധയില്‍ പെട്ട പശ്ചാത്തലത്തിലാണ് വിശദീകരണമെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു. എംഫില്‍ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദം അല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എംഫില്‍ കോഴ്സ് നടത്താന്‍ പാടില്ലെന്ന് യുജിസി വ്യക്തമാക്കി.
ഇത്തരം കോഴ്സുകളില്‍ ചേരുന്നതില്‍നിന്ന് വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്നും യുജിസി സെക്രട്ടറി പറഞ്ഞു.