മുംബൈ: സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2024 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതനുസരിച്ച് സംസ്ഥാനത്തുടനീളമുള്ള റവന്യൂ, വിദ്യാഭ്യാസ രേഖകളില്‍ ഇനി മുതല്‍ ഒരു വ്യക്തിയുടെ പേരിന് ഒപ്പം അമ്മയുടെ പേരും ചേര്‍ക്കണം.
എല്ലാ വിദ്യാഭ്യാസ രേഖകളിലും റവന്യൂ പേപ്പറുകളിലും സാലറി സ്ലിപ്പുകളിലും സര്‍വീസ് ബുക്കുകളിലും വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷാ ഫോമുകളിലും ഇനി മുതല്‍ ഈ മാറ്റം ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അപേക്ഷകന്റെ ആദ്യ പേരിന് ശേഷം അമ്മയുടെ പേരും തുടര്‍ന്ന് പിതാവിന്റെ പേര്, കുടുംബപ്പേര് എന്നിങ്ങനെയാണ് ചേര്‍ക്കേണ്ടത്. 2014 മെയ് ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ സ്കൂള്‍ രേഖകള്‍, പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍, സാലറി സ്ലിപ്പുകള്‍ എന്നിവയ്ക്കായി നിലവിലെ ഫോര്‍മാറ്റിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ഇത്തരത്തില്‍ തങ്ങളുടെ പേരെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കാണിച്ചു. ഏകനാഥ് ഗംഗുഭായ് സംഭാജി ഷിന്‍ഡെ, ദേവേന്ദ്ര സരിത ഗംഗാധരറാവു ഫഡ്നാവിസ്, അജിത് അശാതായ് അനന്തറാവു പവാര്‍ എന്നിങ്ങനെയായിരുന്നു പുതിയ മാറ്റങ്ങളോടെയുള്ള അവരുടെ പേരുകള്‍.