പാലക്കാട് : വാളയാറിൽ നാലു വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മ അറസ്റ്റിൽ. വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ട് വീടിനോട് ചേര്‍ന്ന് മറ്റൊരു വീടിന്റെ നിര്‍മാണജോലികള്‍ ചെയ്യുകയായിരുന്ന നാലുപേര്‍ ഓടിയെത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
25 അടി താഴ്ചയുണ്ടായിരുന്ന കിണറ്റിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. ശരീരത്തിന്റെ പകുതിയോളം വെള്ളത്തിലായി കിണറിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു കുട്ടി. നിലവിളി കേട്ട് തൊട്ടടുത്ത വീട്ടില്‍ ഇലക്ട്രിസിറ്റി ജോലികള്‍ ചെയ്യുകയായിരുന്ന സജിയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ മൂന്നു തൊഴിലാളികളും എത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. ഇതിനിടെ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അമ്മയാണ് കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് കുഞ്ഞ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശ്വേതയെ പൊലീസ് അറസ്റ്റു ചെയ്തത്.
തമിഴ്നാട് സ്വദേശിയാണ് ശ്വേത. മംഗലത്താന്‍ചള്ളയിലെ വാടകവീട്ടിലാണ് ശ്വേതയും അമ്മയും കുഞ്ഞും താമസിക്കുന്നത്. ഒരു മാസം മുൻപാണ് ഇവർ ഇവിടെയ്ക്ക് വരുന്നത്. അമ്മ കൂടെയുണ്ടെങ്കിലും മിക്കപ്പോഴും വീട്ടിലുണ്ടാകാറില്ല. ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന ശ്വേത പലപ്പോഴും കുഞ്ഞിനെ ഒറ്റയ്ക്കിരുത്തിയിട്ടാണ് ജോലിക്ക് പോകുന്നത്. കുഞ്ഞിനെ ശ്വേത പലപ്പോഴും ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. സംഭവം അറിഞ്ഞു ഭർത്താവ് എത്തി. കുട്ടിയെ കൊണ്ടു പോയി. വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത ശേഷം ഇവരെ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.