ഹൈദരാബാദ്: അടിയും തിരിച്ചടിയും ആവോളം കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 31 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ (3ന് 277) നേടിയ പോരാട്ടം ഒരുപിടി റെക്കോർഡുകൾ കൂടി സ്വന്തമാക്കുന്നതായി. ഒരു ഐപിഎൽ മത്സരത്തിൽ ഇരു ടീമുകളും ചേർന്നു നേടുന്ന ഏറ്റവും ഉയർന്ന സ്കോർ (523), ഏറ്റവുമധികം സിക്സറുകൾ (38), രണ്ടാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോർ (5ന് 246) എന്നിവ ഇന്നലെ പിറന്നു. 4 ബാറ്റർമാർ 25 ൽ താഴെ പന്തുകളിൽ അർധ സെഞ്ചറി തികയ്ക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നലത്തെ മത്സരത്തിനുണ്ടായി. അഭിഷേക് ശർമ (16 പന്തിൽ), ട്രാവിസ് ഹെഡ് (18), ഹെയ്ൻറിച് ക്ലാസൻ (23), തിലക് വർമ (24) എന്നിവരാണ് റെക്കോർഡ് നേട്ടത്തിൽ പങ്കാളികളായത്.
രോഹിത് ശർമയും (12 പന്തിൽ 26) ഇഷൻ കിഷനും (13 പന്തിൽ 34) മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. പിന്നാലെ വന്ന നമൻ ദിറും (14 പന്തിൽ 30) തിലക് വർമയും (34 പന്തിൽ 64) ഫോമിലായതോടെ 11–ാം ഓവറിൽ മുംബൈ ടോട്ടൽ 150 കടന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡിന് (22 പന്തിൽ 42 നോട്ടൗട്ട്) മുംബൈയുടെ തോൽവി ഭാരം കുറയ്ക്കാൻ മാത്രമേ സാധിച്ചുള്ളൂ. ഹൈദരാബാദിനു വേണ്ടി ക്യാപ്റ്റൻ പാറ്റ് കമിൻസും ജയദേവ് ഉനദ്കട്ടും 2 വിക്കറ്റ് വീതം വീഴ്ത്തി.
ഹൈദരാബാദിനായുള്ള ഐപിഎൽ അരങ്ങേറ്റം ആഘോഷമാക്കാൻ ഉറപ്പിച്ചാണ് ഓസീസ് താരം ട്രാവിസ് ഹെഡ് (24 പന്തിൽ 62) ഇന്നലെ ഇറങ്ങിയത്. ഹെഡ് പുറത്തായതിനു പിന്നാലെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത അഭിഷേക് ശർമ (23 പന്തിൽ 63), വേഗത്തിൽ റൺ കണ്ടെത്താൻ തുടങ്ങിയതോടെ ഹൈദരാബാദിന്റെ റൺറേറ്റ് കുതിച്ചുയർന്നു. 16 പന്തിൽ അർധ സെഞ്ചറി തികച്ച അഭിഷേക്, 23 പന്തിൽ 7 സിക്സും 3 ഫോറും അടക്കം 63 റൺസ് നേടിയാണ് മടങ്ങിയത്. ഐപിഎലിൽ സൺറൈസേഴ്സ് താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറിയാണ് അഭിഷേക് സ്വന്തം പേരിൽ കുറിച്ചത്.
ഹെഡും അഭിഷേകും മടങ്ങിയതിനു പിന്നാലെ ക്ലാസൻ ഷോയ്ക്കാണ് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷിയായത്. 7 സിക്സും 4 ഫോറുമടക്കം 34 പന്തിൽ 80 റൺസുമായി ഒരറ്റത്ത് ഹെയ്ൻറിച് ക്ലാസൻ തകർത്താടിയപ്പോൾ 28 പന്തിൽ 42 റൺസുമായി മറുവശത്ത് പുറത്താകാതെ നിന്ന എയ്ഡൻ മാർക്രവും തന്റെ റോൾ ഗംഭീരമാക്കി. ഐപിഎൽ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺ വഴങ്ങുന്ന താരമായി മുംബൈ ഇന്ത്യൻസിന്റെ ക്വെന മപാക. 4 ഓവറിൽ വിക്കറ്റില്ലാതെ 66 റൺസാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഈ പതിനേഴുകാരൻ പേസർ വഴങ്ങിയത്.