തിരുവനന്തപുരം : നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് ആണ് ഡല്‍ഹിയില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി ചിത്രം പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു. ഇതിനെതിരെ പ്രവീണ രംഗത്തെത്തിയതെടെയാണ് ഇപ്പോഴത്തെ അറസ്റ്റ്.
ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നുവെന്നായിരുന്നു പരാതി. ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പില്‍നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്നു കണ്ടെടുത്തിരുന്നു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി 3 മാസം റിമാന്‍ഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതല്‍ ദ്രോഹിക്കുകയാണെന്നു പ്രവീണ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഇതിനകം തന്റെ നൂറോളം വ്യാജ ഐഡികള്‍ ഇയാള്‍ നിര്‍മിച്ച് വ്യാജഫോട്ടോകള്‍ എല്ലാവര്ക്കും അയച്ചുകൊടുത്തു. തന്റെ മകളെപ്പോലും വെറുതെ വിട്ടില്ല. എനിക്കൊപ്പമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞതെന്നും നടി പ്രവീണ പറഞ്ഞു.