തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടൻ സിദ്ദിഖിനു കുരുക്ക് മുറുകുന്നു. നടിയുടെ പരാതിയില്‍ നിർണായക തെളിവുകൾ കണ്ടെത്തി. സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകളുണ്ട്. സിദ്ദിഖിനെ കാണാൻ നടിയെത്തി. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചാണ് നടി മുറിയിലെത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് സിദ്ദിഖിന്റെ മുറിയുണ്ടായിരുന്നത്. ഇവിടെ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണു നടി മൊഴിനൽകിയത്. സിനിമാ ചർച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടത്. സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷമാണ് നടി ഹോട്ടലിൽ എത്തിയത്. ഇവിടെവച്ചു പീഡിപ്പിക്കപ്പെട്ട വിവരം അന്നു മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം നിള തിയറ്ററിലായിരുന്നു പ്രിവ്യൂ ഷോ നടന്നത്. ഇവിടെ രണ്ടുപേരും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിയറ്ററിൽനിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമുണ്ട്.