ജയ്പുർ : രാജസ്ഥാനിൽ രണ്ടു മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ട കേസിൽ വിവാദ ഗോസംരക്ഷകൻ മോനു മനേസറിനെ കോടതി 15 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. നസീർ(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങൾ ഹരിയാനയിലെ ഭിവാനിയിൽ കത്തിക്കരിഞ്ഞ കാറിൽനിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.
മുസ്ലിം യുവാക്കളെ ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോകുന്നതിനുമുന്പ് പ്രതി റിങ്കു സയ്നിയെ മോനു മനേസർ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. മോനു റാണ, ഗോഗി എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. ഇവരെക്കൂടാതെ 26 പേർകൂടി പ്രതിപ്പട്ടികയിലുണ്ട്. ഹരിയാനയിലെ നൂഹിൽ വർഗീയ കലാപത്തിൽ ആറുപേർ കൊല്ലപ്പെട്ട കേസിലാണ് മോഹിത് യാദവ് എന്ന മോനുവിനെ ഹരിയാന പൊലീസ് പിടികൂടിയത്.