തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി. സിഎംആര്‍എല്‍ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയത് 1.72 കോടി രൂപയാണ്. ഇത് നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തി. 2017- 2020 കാലയളവിലാണ് എസ്.എന്‍.ശശിധരന് കര്‍ത്തായുടെ കമ്പനി പണം നല്‍കിയത്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നല്‍കിയതെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. വീണയും ഇവരുടെ സ്ഥാപനമായ എക്സാലോജിക്കും വിവിധ സേവനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് സിഎംആര്‍എലുമായി കരാര്‍ ഉണ്ടാക്കിയത്. ഈ സേവനങ്ങള്‍ ഒന്നും നല്‍കിയില്ല. എന്നാല്‍ കരാര്‍ പ്രകാരം പണം നല്‍കിയെന്ന് കര്‍ത്ത ആദായ നികുതി വകുപ്പിന് മൊഴി നല്കി. വീണയ്ക്കും കമ്പനിക്കും നല്കിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പ്പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു. സിഎംആര്‍എല്‍ എന്ന കമ്പനിയുടെ ചിലവുകള്‍ വന്‍ തോതില്‍ പെരുപ്പിച്ച് കാട്ടി നികുതി വെട്ടിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.