തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇവിടങ്ങളിലെ ചില പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.മത്സ്യബന്ധത്തിനുള്ള വിലക്കും തുടരും.
ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ലഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് രാത്രിമുതല്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുകയാണ്. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം കെട്ടാങ്ങലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. ആളപായമില്ല. മുക്കത്ത് നിന്നും ഫയർഫോഴ്സെത്തി മരംമുറുച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നാല് വീടുകൾ ഭാഗികമായും തകർന്നു.അപകടസാധ്യതയുള്ള മേഖലയിൽ വസിക്കുന്ന 37 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഏഴ് കുടുംബങ്ങളെ താൽക്കാലിക ക്യാമ്പുകളിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിപാർപ്പിച്ചത്.