തിരുവനന്തപുരം: അറബിക്കടലിൽ ബിപോർ ജോയുടെ പ്രഭാവം കുറഞ്ഞതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് . 18ാം തീയതി മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നുമണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഴ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അഞ്ച് മണിക്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു,
18ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. 19ന് ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 20ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്. അതേസമയം ജൂൺ 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ജൂൺ 19നും 20നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് വൈകിട്ട് 5.30 മുതൽ നാളെ വൈകിട്ട് 5.30 വരെ 2.2 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 cm നും 75 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.