തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് പെയ്തിറങ്ങിയത്.
കേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത നിലനില്‍ക്കുന്നതായും ഏറ്റവും പുതിയ മുന്നറിയിപ്പ് പറയുന്നു. ചൊവ്വാഴ്ചയോടെ ഇത് മഴ കൂടുതല്‍ വ്യാപകമാകുമെന്ന സൂചന നല്കി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം സാധ്യത. ജൂണ്‍ ആദ്യവാരംവരെ മഴ തുടരാനാണ് സാധ്യത.
അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആറ് മരണങ്ങളാണ് കാലവര്‍ഷ കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.