തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ നേരിയ മഴ ലഭിക്കും. അതിനുശേഷം കാലവർഷക്കാറ്റ് ശക്തി പ്രാപിച്ച് മഴ വീണ്ടും കൂടാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഇന്ന് എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് . കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
ഇന്നലെ കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് താരതമ്യേന മഴപെയ്തത്. വെള്ളം കയറിയ താഴ്ന്ന സ്ഥലങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ് .വിവിധ ജില്ലകളിലായി 228 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.10,462 പേരാണ് അവിടെ കഴിയുന്നത്. തിരുവനന്തപുരം, പാലക്കാട് ,കണ്ണൂർ ജില്ലകളിൽ ക്യാമ്പുകൾ തുറന്നിട്ടില്ല. 51 പേരാണ് പ്രകൃതി ക്ഷോഭത്തിൽ മരിച്ചത്. 60 വീടുകൾ പൂർണമായും 1384 വീടുകൾ ഭാഗികമായും നശിച്ചു.