തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മഴക്കുറവ് 28 ശതമാനമായി കുറഞ്ഞു. ജൂണ്‍ ഒന്നു മുതൽ ഞായറാഴ്ച വരെ 840 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. ഇതുവരെ 608.1 മില്ലീമീറ്റർ പെയ്തു.
ഇക്കാലയളവിൽ ഏറ്റവും കുറച്ചു മഴ പെയ്തത് വയനാട് ജില്ലയിലാണ്. 52 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 49 ശതമാനവും കോഴിക്കോട് 46 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഞായറാഴ്ച വരെ പെയ്യേണ്ട ശരാശരി മഴയേക്കാൾ ഏഴു ശതമാനം അധികം മഴ ലഭിച്ചു. മഴക്കുറവിൽ വലഞ്ഞിരുന്ന കാസർഗോഡ് ജില്ലയിൽ മഴക്കുറവ് 19 ശതമാനമായി ചുരുങ്ങി. കണ്ണൂരിൽ 17 ശതമാനമാണ് മഴക്കുറവ്.