ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ അറബിക്കടലിൽ എത്തി. ശ്രീലങ്കയിലും മാലി ദ്വീപിലും കനത്ത മഴ ലഭിച്ചു തുടങ്ങി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കാലവർഷം കേരളത്തിലെത്താൻ വൈകില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അറിയിച്ചു.
ദക്ഷിണാർധഗോളത്തിൽ നിന്നുള്ള കാറ്റ് അറബിക്കടലിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. നിലവിൽ മധ്യ അറബിക്കടലിൽ ഒരു പ്രതിചക്രവാതച്ചുഴിയും കേരളത്തിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നത് പടിഞ്ഞാറൻ കാറ്റിന്റെ വരവിന് തടസമായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്പെടുന്നതോടെ ഈ തടസം മാറുമെന്നാണ് പ്രതീക്ഷ. ചൈനാ കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റും കാലവർഷത്തിന്റെ വരവിനെ ശക്തിപ്പെടുത്തും. കഴിഞ്ഞവർഷം ജൂൺ 8 നാണ് കാലവർഷം കേരത്തിലെത്തിയത്. 2022 ൽ മെയ് 29നും.