തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഹാജരാകാൻ ഒരാഴ്ചത്തെ സമയം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഈ മാസം 23 വരെ ക്രൈംബ്രാഞ്ചിന് മുന്‍പാകെ ഹാജരാകില്ലെന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത് . നേരത്തെ, ബുധനാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നത്.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ കെ. സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു.പാര്‍ട്ടി പരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നതിനാൽ ഹാജരാകാൻ സമയം വേണമെന്നാണ് സുധാകരന്റെ ആവശ്യം. പുതിയ നോട്ടീസ് അയയ്ക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ഇന്ന് തന്നെ ആരംഭിക്കും.
മോന്സന് പണം നല്കുമ്പോള് സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് പരാതിക്കാര്‍. കേസില്‍ പ്രതി ചേര്‍ത്ത ലക്ഷ്മണയ്ക്കും സുരേന്ദ്രനും അടക്കം മോന്സന് പണം നല്‍കിയതിന് രേഖകളുണ്ട്; ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉണ്ട്. തെളിവ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാർ ഉന്നയിക്കുന്നു.നിലവിൽ സുധാകരനെതിരേ ഡിജിറ്റല്‍ രേഖകള്‍ തെളിവായി ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. ഗാഡ്ജറ്റുകളില്‍ നിന്ന് ഫോട്ടോകള്‍ വീണ്ടെടുത്തിട്ടുണ്ട്. കേസിൽ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ സുധാകരന് ബുധനാഴ്ച തീരുമാനമെടുത്തേക്കും.