രാജ്യത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴക്കാലം എത്തുന്നു. സമുദ്രോപരിതലത്തിൽ വർദ്ധിച്ചുവരുന്ന താപനില മൺസൂൺ ഇക്കുറി നേരത്തെ എത്തുന്നതിൻ്റെ സൂചനകൾ നൽകിത്തുടങ്ങി. സമുദ്രോപരിതല താപനില 32 ഡിഗ്രി സെൽഷ്യസിലാണ് എത്തി നിൽക്കുന്നത്. ഈ ചൂട് മൺസൂണിനെയും മഴക്കാലത്തെയും കടലിനടിയിലെ ജീവികളെയും ബാധിക്കും. ബംഗാൾ ഉൾക്കടലിൽ മെയ് 17 മുതൽ മൺസൂൺ രൂപപ്പെടും എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ പങ്കുവെയ്ക്കുന്നത്.
2024 മെയ് 17-നും 20-നും ഇടയിൽ ബംഗാൾ ഉൾക്കടലിൻ്റെ തെക്ക് ഭാഗത്ത് മൺസൂൺ രുപപ്പെടുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. പിന്നീട് അത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വികസിച്ച് തെക്ക്-കിഴക്കൻ ഗൾഫിലേക്ക് വ്യാപിക്കാനാണ് സാധ്യത. 17 മുതൽ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടാകും. ബംഗാൾ ഉൾക്കടലിൽ സമുദ്രോപരിതല താപനില ഉയരുന്നതിനാൽ ദക്ഷിണേന്ത്യയിലെ കാലാവസ്ഥ അതിവേഗം മാറുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 മുതൽ ആംരംഭിയ്ക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മെയ് 27 നും ജൂൺ 4 നും ഇടയിൽ മൺസൂൺ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
“ഈ വർഷം, തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 ന് കേരളത്തിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. ഇത് നേരത്തെയല്ല. കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതിനുള്ള സാധാരണ തീയതി ജൂൺ 1 ആയതിനാൽ ഇത് നേരത്തെയാണെന്ന് പറയാൻ സാധിക്കില്ല.” ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വ്യക്തമാക്കി. മൺസൂൺ തെക്കുപടിഞ്ഞാറ് നിന്ന് വീശി ജൂൺ ആദ്യം കേരളത്തിൽ എത്തുകയും സെപ്റ്റംബർ അവസാനത്തോടെ പിൻവാങ്ങുകയും ചെയ്യും. ഐഎംഡിയുടെ കണക്കനുസരിച്ച്, ഈ വർഷം, മൺസൂൺ സീസണിൽ സാധാരണയിലും കൂടുതൽ മഴ പ്രതീക്ഷിക്കുന്നു.