കൊച്ചി : വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി. വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2019 ജുലൈയിലാണ് കേസിനാസ്പദമായ സംഭവം. ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരില്‍ മോന്സന് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. 2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.