കൊച്ചി: പണമിടപാട് നടന്ന ദിവസം കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മൊഴി നൽകി. മോൻസൺ തന്നെ കെണിയിൽ വീഴ്ത്താൻ ശ്രമിച്ചിട്ടില്ലെന്നും സുധാകരൻ മൊഴി നൽകിയതായി സൂചനയുണ്ട്.
2016 മുതൽ 15 തവണയിലേറെ മോൻസണിന്റെ വീട് സന്ദർശിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് ആയതിന് പിന്നാലെ മോൻസൺ തന്നെ ഇന്ദിരാഭവനിൽ നേരിട്ടെത്തി അഭിനന്ദിച്ചു. ഇയാളുമായി സാമ്പത്തിക ഇടപാടൊന്നും നടത്തിയിട്ടില്ല. പരാതിക്കാരെ കണ്ടിട്ടുണ്ട്. നേരിട്ട് പരിചയമില്ല. സുധാകരൻ ഉറപ്പ് നൽകിയതിനാലാണ് മോൻസണിന് 25 ലക്ഷം രൂപ കൈമാറിയതെന്ന മൊഴി ഓൺലൈനിൽ ഹാജരായ പരാതിക്കാരൻ അനൂപ് ആവർത്തിച്ചു. അപ്പോഴും, പണം വാങ്ങിയിട്ടില്ലെന്ന മൊഴിയിൽ സുധാകരൻ ഉറച്ചുനിന്നു. ‘
നിങ്ങളുടെ വംശം തന്നെ ഇല്ലാതാക്കി കളയും’ എന്ന സുധാകരന്റെ ശബ്ദസന്ദേശത്തെക്കുറിച്ചും എബിൻ എബ്രഹാമാണ് ഇത് കേൾപ്പിച്ചതെന്ന അനൂപിന്റെ ആരോപണത്തെക്കുറിച്ചും സുധാകരൻ വ്യക്തമായ മറുപടി നൽകിയില്ലെന്ന് അറിയുന്നു. മോൻസൺ മാവുങ്കലിന്റെ ലാപ്ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകളും ചോദ്യം ചെയ്യലിനിടെ ക്രൈംബ്രാഞ്ച് സുധാകരനെ കാണിച്ചു. കഴിഞ്ഞ ദിവസം വിയ്യൂർ ജയിലിലെത്തി മോൻസണിൽ നിന്ന് ശേഖരിച്ച മൊഴികളെക്കുറിച്ചും ചോദിച്ചു.