തിരുവനന്തപുരം: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോടതിയിലേക്ക്. കെ സുധാകരൻ നിയമോപദേശം തേടി. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.
കേസിൽ അറസ്റ്റിന് നീക്കം നടക്കുന്ന സാഹചര്യത്തിലാണ് സുധാകരൻ കോടതിയെ സമീപിക്കുന്നത്. കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ചോദ്യം ചെയ്യലിനായി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് നോട്ടീസ് നൽകിയിട്ടുണ്ട്. അറസ്റ്റിനു തയാറെടുക്കുന്ന അന്വേഷണസംഘം ഇക്കാര്യത്തിൽ നിയമോപദേശവും തേടിയതായാണ് വിവരം.
മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി അഹമ്മദ്, സലീം എടത്തിൽ, എം ടി ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.സുധാകരന്റെ സാന്നിദ്ധ്യത്തിൽ താൻ 25 ലക്ഷം രൂപ മോൻസണ് നൽകിയെന്ന് അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയിൽ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നൽകിയത്.
പുരാവസ്തുക്കൾ വിദേശികൾക്ക് വിറ്റ വകയിൽ ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്നും അത് ശരിയാക്കാൻ പണം വേണമെന്നും പറഞ്ഞാണ് മോൻസൺ പരാതിക്കാരെ കബളിപ്പിച്ചത്. ഇതിനായി എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും കാണിച്ചു.ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന പണം മോൻസണിന് ലഭിക്കാൻ ഇടപെടാമെന്ന് തങ്ങളുടെ സാന്നിദ്ധ്യത്തിൽ സുധാകരൻ ഉറപ്പു നൽകിയെന്നും പരാതിക്കാർ മൊഴി നൽകിയിരുന്നു. കെ.സുധാകരൻ മോൻസണിന്റെ കലൂരിലെ വീട്ടിൽ പത്ത് ദിവസം കോസ്മറ്റോളജി ചികിത്സ നടത്തിയതായും പരാതിക്കാർ ആരോപിച്ചിരുന്നു. പരാതിക്കാർ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയിൽ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. കണ്ണിന്റെ ചികിത്സയ്ക്ക് കലൂരിലെ മോൻസണിന്റെ വീട്ടിൽ അഞ്ചു വട്ടം പോയിട്ടുണ്ടെന്നും ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിറുത്തിയെന്നും സുധാകരൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
സുധാകരനെതിരെ ചുമത്തിയ വകുപ്പുകൾ
ഐ.പി.സി. 420 : സാമ്പത്തിക തട്ടിപ്പ്
ഐ.പി.സി. 468 : ചതിക്കാനായി വ്യാജരേഖകൾ ചമയ്ക്കൽ
ഐ.പി.സി. 471 : വ്യാജരേഖ അസൽരേഖയായി കാണിച്ച് ചതിക്കൽ.