കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആരോപണമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. സാമ്പത്തീക പങ്കാളിയെന്ന നിലയിൽ കേസിലെ രണ്ടാം പ്രതിയായാണ് സുധാകരനെ ക്രൈംബ്രാഞ്ച് സംഘം പ്രതിചേര്‍ത്തത്.
41 സിആര്‍പിസി പ്രകാരമാണ് തനിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ മാത്രമാണ് തനിക്കെതിരെ ആരോപണം ഉയരുന്നത്. കേസിലുള്‍പ്പെടുത്തി തന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ പറയുന്നു.ഇന്ന് രാവിലെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ഹാജരാകാൻ ഒരാഴ്ച സമയം വേണമെന്ന സുധാകരന്റെ ആവശ്യം പരിഗണിച്ച ക്രൈംബ്രാഞ്ച് ഈ മാസം 23 ലേക്ക് സമയം നീട്ടിനൽകിയിരിക്കുന്നു .ഇതിന് പിന്നാലെയാണ് സുധാകരന് കോടതിയെ സമീപിച്ചത്.
കേസില്‍ സുധാകരനെതിരെ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. അനൂപ് മുഹമ്മദ് പണം നല്കിയ ദിവസം കെ സുധാകരന് മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. പരാതിക്കാരുടെ ഗാഡ്ജറ്റില്‍ നിന്നും ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. അനൂപ് പണം നല്‍കിയത് 2018 നവംബര്‍ 22 ഉച്ചയ്ക്ക് രണ്ടു മണിക്കാണെന്നും അന്വേഷണ സംഘം പറയുന്നു. അനൂപും മോന്‍സണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോന്സന് നല്കി. അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്ന് മോന്‍സന്റെ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ എണ്ണുന്ന മോന്‍സന്റെ ജീവനക്കാരുടെ ചിത്രങ്ങളും െ്രെകംബ്രാഞ്ചിന്റെ പക്കലുണ്ടെന്നാണ് വിവരം.