കൊച്ചി: മോന്സന് മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11ന് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകുമെന്നാണ് വിവരം.
മോന്സണ് ആവശ്യപെട്ടപ്രകാരം പരാതിക്കാര്‍ 25 ലക്ഷം രൂപ നല്‍കുകയും അതില്‍ 10 ലക്ഷം രൂപ സുധാകരന് കൈപ്പറ്റിയെന്നുമാണ് കേസ്. പരാതിക്കാര്‍ നല്കിയ തെളിവുകള്‍, മോന്സന്റേയും ജീവനക്കാരുടേയും മൊഴി എന്നിവയാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകള്‍. ഡിജിറ്റല്‍ തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഗാഡ്ജറ്റുകളില്‍ നിന്ന് ഫോട്ടോകള്‍ വീണ്ടെടുത്തതായാണ് വിവരം. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യല്‍.
ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് നോട്ടീസ് നല്‍കിയെങ്കിലും എത്തിയിരുന്നില്ല. പാര്‍ട്ടി പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നതാണ് കാരണമായി പറഞ്ഞത്. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടി. പിന്നാലെയാണ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. രണ്ടാഴ്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചത്. സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്കിയതിനാല് സുധാകരന്റെ അറസ്റ്റ് രേഖപെടുത്തുകയാണെങ്കിലും 50,000 രൂപ ബോണ്ടിലും രണ്ടാള് ജാമ്യത്തിലും വിട്ടയ്ക്കും.