കൊച്ചി: മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ ഐജി ജി. ലക്ഷ്മണിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.കളമശേരി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണു വിവരം. കേസിലെ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മണ്. ചോദ്യം ചെയ്യലിനു ഹാജരായേക്കില്ലെന്നും സൂചനയുണ്ട്.
മോന്‍സന്റെ സാമ്പത്തിക തട്ടിപ്പിനിരയായവര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ജി. ലക്ഷ്മണ, മുന്‍ ഡിഐജി എസ്.സുരേന്ദ്രന് എന്നിവര്‍ നല്കിയ ഉറപ്പിലാണ് വന്‍തുക കൈമാറിയതെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിലെ നാലാം പ്രതിയായ എസ്.സുരേന്ദ്രനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച ഐജി ലക്ഷ്മൺ സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അഥോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ഹൈക്കോടതിയില്‍ ജി.ലക്ഷ്മണിന്റെ വെളിപ്പെടുത്തല്‍.