മലപ്പുറം: മങ്കി പോക്സ് (എം പോക്സ്) രോഗ ലക്ഷണമെന്ന് സംശയത്തിൽ മലപ്പുറത്ത് യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്.
ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയാണ് യുവാവ് എത്തിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്. എംപോക്സാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.