


പട്ന : മോമോ തീറ്റ മത്സരത്തിനിടെ യുവാവ് മരിച്ചു. 25കാരനായ ബിപിൻ കുമാർ പസ്വാനാണ് മോമോ കഴിക്കുന്നതിനിടെ മരിച്ചത്. ബീഹാറിലെ ഗോപാൽഗഞ്ചിൽ വ്യാഴാഴ്ച്ചയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിൽ തമാശയായി തുടങ്ങിയ മത്സരമാണ് ദുരന്തമായി മാറിയത്. അമിതമായ അളവിൽ മോമോ കഴിച്ചതാണ് മരണകാരണമായതെന്നാണ് സംശയം.
സംഭവത്തിൽ ബിപിന്റെ സുഹൃത്തുക്കൾക്കെതിരെ കേസെടുക്കണമെന്ന് ആരോപിച്ച് ഇയാളുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. മകനെ കൊലപ്പെടുത്താൻ സുഹൃത്തുക്കൾ ഗൂഢാലോചന നടത്തി. മനഃപൂർവ്വം ‘മോമോ ഈറ്റിംഗ് ചലഞ്ച്’ നടത്തി. ഇതിനിടെ മകനെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് ബിപിന്റെ പിതാവിന്റെ ആരോപണം. മൊബൈൽ റിപ്പയർ ഷോപ്പിലെ ജീവനക്കാരനാണ് ബിപിൻ.
വ്യാഴാഴ്ച്ച പതിവുപോലെ ജോലിക്ക് പോയ ശേഷം യുവാവ് സുഹൃത്തുക്കളെ കണ്ടു. ഇതിനിടെ ഇവർ തമ്മിൽ മോമോസ് തീറ്റമത്സരം നടത്തി. 1000 രൂപ പ്രതിഫല മായി തീരുമാനിച്ചിരുന്നു. 150 മോമോസ് കഴിച്ച പസ്വാൻ വൈകാതെ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ ബിപിൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.