ന്യൂഡല്‍ഹി : ഒക്ടോബര്‍ 31 ന് ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് മഹുവ മൊയ്ത്ര പാനല്‍ ചെയര്‍പേഴ്സണ്‍ വിനോദ് കുമാര്‍ സോങ്കറിന് കത്തയച്ചു. നവംബര്‍ 5ന് ശേഷം ഏത് തിയതിയിലും ഹാജരാകാമെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പ്രോഗ്രാമുകള്‍ തീര്‍ക്കേണ്ടതുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.
ദുര്‍ഗാപൂജയുടെ തിരക്കുകള്‍ ഉള്ളതിനാലും വിവിധ പാര്‍ട്ടി പരിപാടികള്‍ ഉണ്ടെന്നുമാണ് മഹുവയുടെ കത്തില്‍ പറയുന്നത്. ഈ കാരണം കൊണ്ട് തന്നെ ഹാജരാകാന്‍ കഴിയില്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കാത്തിരിക്കുകയാണ് താനെന്നും കത്തില്‍ പറയുന്നു.
വിഷയത്തില്‍ അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുടെയും ബിജെപി എംപി നിഷികാന്ത് ദുബെയുടെയും മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് മഹുവയുടെ മൊഴി രേഖപ്പെടുത്താന്‍ നോട്ടീസ് നല്‍കിയത്. നവംബര്‍ 5-ന് ശേഷം കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഏത് തീയതിയിലും സമയത്തും നേരിട്ട് ഹാജരാകാന്‍ സമയം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ പരാതി. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിജെപി എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കാണ് പരാതി നല്‍കിയത്. തനിക്കെതിരെയെുള്ള ഏത് ആരോപണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മഹുവ പ്രതികരിച്ചിരുന്നു. അദാനിയെയും ചോദ്യം ചെയ്യണമെന്നും മഹുവ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.