കൊൽക്കത്ത : ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്. ആവേശകരമായ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹൻ ബഗാന്റെ കിരീടനേട്ടം. 17ാം തവണയാണ് മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കുന്നത്.
കൊൽക്കത്തയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ വിജയം മാത്രം ആഗ്രഹിച്ചാണ് ഇരു ടീമുകളും പന്തുതട്ടിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 71-ാം മിനിറ്റിൽ സൂപ്പര്‍ താരം ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ പെട്രറ്റോസ് ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഇടംകാലുകൊണ്ടുള്ള ഷോട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക്.
62-ാം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മോഹന്‍ ബഗാന് 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടും മികച്ച ആക്രമണം അഴിച്ചുവിട്ടാണ് ടീം വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാൻ തുടർച്ചയായ വർഷങ്ങളിൽ ഐഎസ്എൽ , ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ടീമായി കൂടി മാറുകയാണ്. മലയാളി താരങ്ങളായ ആഷിക് കരുണിയനും, സഹലും മോഹൻ ബഗാനു വേണ്ടി ഡ്യൂറന്‍ഡ് കപ്പിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.