മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ പ്രതീക്ഷയേറ്റുകയാണ്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നിരിക്കുകയാണ്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ഗാനം ഒരുക്കിയത്. എന്തായാലും മോഹൻലാലിന്റെ ശബ്ദത്തിലെത്തിയ ആഘോഷഗാനം ആരാധകരുടെ മനം കവരുകയാണ്. യൂട്യൂബിൽ സംഗീതത്തിൽ ട്രെൻഡിങ്ങായിരിക്കുകയാണ് ഗാനം. പത്ത് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം റാക്ക് ഗാനം കണ്ടിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.