കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവയ്ക്കുകയും അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഇന്ന് ചേർന്ന് ഓൺലെെൻ യോഗത്തിലായിരുന്നു തീരുമാനം.താൽക്കാലിക ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകി.
തലപ്പത്തിരിക്കുന്ന താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അമ്മയുടെ നിലപാട് എന്താകുമെന്നാണ് എല്ലാവരും കാത്തിരുന്നത്. നടിയുടെ ലൈംഗിക ആരോപണങ്ങളിൽ കുരുങ്ങി നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ സംഘടനയെ നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബാബുരാജും കഴിഞ്ഞ ദിവസം ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി. ഇതോടെ അമ്മയുടെ മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. മുൻനിര താരങ്ങൾ വരെ അമ്മ നേതൃത്വത്തിനെതിരെ നിലപാടെടുത്തേക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം പൃഥിരാജ് നടത്തിയ വാർത്താ സമ്മേളനം. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ അമ്മയ്ക്കെതിരെ നിലപാടെടുത്താൽ കൂടുതൽ പ്രതിസന്ധിയിലേക്ക് കടന്നേക്കും. ഇതായിരിക്കാം ഇപ്പോഴാത്തെ കൂട്ടരാജിക്ക് കാരണം. പ്രമുഖ താരങ്ങൾക്കെതിരെ ഓരോ ദിവസവും ആരോപണങ്ങൾ ഉയർന്നതോടെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടൻ പൃഥ്വിരാജ് മുന്നോട്ടു വച്ച ‘വനിത നേതൃത്വം’ എന്ന ആശയവും അമ്മയ്ക്ക് ഇപ്പോൾ പ്രയോഗിക്കാവുന്ന ഒന്നാണ്. സംഘടനയുടെ തലപ്പത്ത് ഈ സമയത്ത് വനിത നേതൃത്വം വരുന്നത് കൂടുതൽ ഗുണം ചെയ്തേക്കും. കൂടാതെ ടൊവിനോ തോമസ് മുന്നോട്ടുവച്ച തലമുറ മാറ്റമെന്ന ആശയവും സംഘടനയ്ക്ക് ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ഗുണം ചെയ്തേക്കും. യുവനടന്മാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.