തിരുവനന്തപുരം: മലയാളികളുടെ നിത്യ വിസ്മയമായ മോഹൻലാലിന് ഇന്ന് 64ാം പിറന്നാൾ. ഇന്ന് ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ കേക്കു മുറിക്കും. ലാലേട്ടന്റെ പിറന്നാളിന് ആരാധകർ ആശംസാ റീൽസുകളായിരം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ഇന്നു രാവിലെ സമൂഹമാദ്ധ്യമങ്ങളിൽ നിറയും.
മോഹൻലാൽ നയിക്കുന്ന റിയാലിറ്റി ഷോയുടെ ചെന്നൈയിലെ സെറ്റിൽ ഇന്നലെയായിരുന്നു പിറന്നാൾ ആഘോഷം. ഷോയിലെ മത്സരാർത്ഥികൾക്കൊപ്പം കേക്കു മുറിച്ചു.ഇപ്പോൾ അഭിനയിക്കുന്ന തരുൺ മൂർത്തിയുടെ ചിത്രത്തിന്റെ ലൊക്കേഷനിലും ലാലിന്റെ പിറന്നാൾ ആഘോഷമുണ്ടാകും. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് റിലീസ് ചെയ്തേക്കും. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ 360-ാമത്തെ ചിത്രത്തിൽ ശോഭനയാണ് നായിക. 15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രം. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മിക്കുന്നത്. ഇടവത്തിലെ രേവതി നക്ഷത്രത്തിലാണ് മോഹൻലാൽ ജനിച്ചത്.ഇത്തവണ ജൂൺ രണ്ടിനാണ് രേവതി. അമ്മ ശാന്തകുമാരിയുടെ ആഗ്രഹപ്രകാരം ക്ഷേത്രത്തിലെ പൂജകളും പിറന്നാൾ സദ്യയും അന്നാണ്.