ആലപ്പുഴ: ശുദ്ധജലക്ഷാമം കൊണ്ട് വലഞ്ഞിരുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. അന്താരാഷ്ട്രനിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് ഫൗണ്ടേഷൻ പൊതുജനത്തിനായി സമർപ്പിച്ചു. പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ കുടിവെള്ളം നല്കാൻ ശേഷിയുള്ള പ്ലാന്റാണ് വിശ്വശാന്തിയും ഇ.വൈ.ജി.ഡി.എസുമായി ചേർന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
പ്രദേശത്തെ 300 ഓളം കുടുംബങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ജനങ്ങൾക്ക് ബിഐഎസ് നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം നൽകാൻ പൂർണമായും സൗരോർജ ഗ്രിഡിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് കഴിയും. ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽനിന്നും സൗജന്യമായി എടുക്കാവുന്നതാണ്. ബാറ്ററികൾ ഉപയോഗിക്കാതെ ഗ്രിഡിലേക്കു വൈദ്യുതി നേരിട്ട് നൽകുന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതിനാൽ പ്ലാന്റ് സീറോ കാർബൺ എമിഷൻ ഉറപ്പു നൽകുന്നതോടോപ്പം പൂർണമായും പ്രകൃതി സൗഹൃദവുമാണ്.
കുട്ടനാട്ടിലെ ഭൂജലത്തിൽ സാധാരണയായി കണ്ടുവരുന്നതും ആരോഗ്യത്തിനു ഹാനികരവുമായ ഇരുമ്പ്, കാൽസ്യം, ക്ലോറൈഡ്, ഹെവി മെറ്റൽസ് തുടങ്ങിയവ നീക്കം ചെയ്യുന്നതിനോടൊപ്പം കോളിഫോം, ഇ കോളി തുടങ്ങിയ രോഗകാരികളായ ബാക്റ്റീരിയകളെയും ഇല്ലാതാക്കാൻ കഴിവുള്ളതാണ് പ്ലാന്റ്. ലോക പരിസ്ഥി ദിനത്തിൽ വിശ്വശാന്തി മാനേജിങ് ഡയറക്ടർ മേജർ രവി പ്ലാന്റ് ജനങ്ങൾക്ക് സമർപ്പിച്ചു .