മലയാള സിനിമാ ലോകത്തെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ ശനിയാഴ്ച പ്രതികരിക്കുമെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ വ്യക്തമായി അറിയാവുന്ന പലരും പറഞ്ഞു. കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ട, എങ്ങിനെ പിടിച്ചാലും വഴുതിപ്പോരുന്ന തന്റെ സ്വതസിദ്ധമായ ‘ ഡിപ്ളോമസി’യുമായി ചില പൊതു തത്വങ്ങള്‍ മാത്രം പ്രഘോഷിച്ച് ഇലക്കും മുള്ളിനും കേടില്ലാതെ അദ്ദേഹം ഊരിപ്പോരും. കൃത്യം സംഭവിച്ചത് അത് തന്നെ.
മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ അധ്യക്ഷന്‍. മലയാളത്തിലെ എല്ലാ സിനിമാ സംഘടനകളും മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ വിളിപ്പുറത്താണ്. മലയാളസിനിമയിലെ അഭിനേതാക്കള്‍ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമാകമ്മിറ്റിയുടെ റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് ഈ മേഖലയില്‍ ഉണ്ടാക്കിയത്. താരസംഘടനയുടെ പ്രമുഖര്‍ക്കും, മറ്റു അഭിനേതാക്കള്‍ക്കുമെതിരെ ലൈംഗികാരോപണങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു , ജയസൂര്യ, മുകേഷ് തുടങ്ങിയവര്‍ക്കെതിരെ ബലാല്‍സംഗം, സ്ത്രീപീഡനം തുടങ്ങിയവക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസുകള്‍ എടുത്തത്. ഇതോടെ ജനറല്‍ സെക്രട്ടറി സിദ്ധിഖ് തല്‍സ്ഥാനം രാജിവച്ചു. പിന്നീട് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ നിയുക്തനായ ബാബുരാജും ലൈംഗികാരോപണത്തെത്തുടര്ന്നു പിന്മാറി. അതോടെ താരസംഘടന അക്ഷരാര്‍ത്ഥത്തില്‍ ആടിയുലഞ്ഞു.
ആരോപണങ്ങള്‍ പെരുമഴയായിപെയ്തപ്പോള് അമ്മയുടെ അധ്യക്ഷന്‍ സാക്ഷാല്‍ മോഹൻലാലിനും രാജി സമര്‍പ്പിക്കേണ്ടി വന്നു. ഇതോടെ താരസംഘടനയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി.അമ്മ അധ്യക്ഷന്‍ എന്ന നിലയില്‍മാത്രമല്ല, മലയാളത്തിലെ ഏറ്റവും ജനപ്രിയനായ, സ്വാധീനശക്തിയുടെ താരം എന്ന നിലയില്‍ മോഹന്‍ലാല്‍ ഈ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാല്‍ അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവച്ച സൂപ്പര്‍താരം പിന്നെ വാ തുറക്കാന്‍ തയ്യാറായില്ല. ഒരാഴ്ചക്ക് ശേഷം തിരുവനന്തപുരത്ത് നേരത്തെ നിശ്ചയിച്ചപ്രകാരമുള്ള പരിപാടിയുള്ളതുകൊണ്ടുമാത്രം എത്തേണ്ടി വന്ന ലാല്‍ താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴത്തെ മലയാള സിനിമാലോകത്തെ പിടിച്ചു കുലുക്കിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കുമെന്ന് പ്രഖ്യാപിച്ചു.
പ്രതീക്ഷിച്ച പോലെ ദയനീയമായിരുന്ന മോഹലന്ലാല് എന്ന അതുല്യ നടന്റെ, സൂപ്പര്‍ സ്റ്റാറിന്റെ പ്രതികരണം. കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളായി മലയാള സിനിമാ വ്യവസായത്തെ അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ പത്ര സമ്മേളനത്തില്‍ കേട്ടപ്പോള്‍ പലര്‍ക്കും ചിരിപൊട്ടി. മലയാളസിനിമയിലെ എല്ലാ ചലനങ്ങളും കൃത്യമായി അറിയാവുന്ന അതിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്ന അഭ്രപാളിയിലെ ഈ അത്ഭുത മനുഷ്യന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടന്കളിക്കുകയായിരുന്നു. ‘ എനിക്കൊന്നുമറിയാന്മേലേ’ എന്ന സ്വതസിദ്ധമായ ആത്മവഞ്ചനയുടെ ഭാവപ്പകര്‍ച്ചയാണ് പത്രസമ്മേളനത്തില്‍ കണ്ടത്. ‘ ഞാനൊന്നും പറയില്ല, എന്നൊടൊന്നും ചോദിക്കല്ലേ’ എന്നതായിരുന്നു തുടക്കം മുതലെയുള്ള സൂപ്പര്‍താരത്തിന്റെ പ്രതിരോധ തന്ത്രം. മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളും പുരുഷന്മാരുമായ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നേരിട്ട, ഇപ്പോഴും നേരിടുന്ന ലൈംഗികപീഡനങ്ങളും തൊഴില്‍ നിഷേധങ്ങളുമടക്കമുള്ള അത്യന്തം ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ക്ക് മലയാള സിനിമാവ്യവസായത്തിലെ ജ്വലിക്കുന്ന താരത്തിന്റെ പ്രതികരണം കടുത്ത നിരാശയാണുണര്ത്തിയത്. ‘ എനിക്കറിയില്ല, ഞാനെന്ത് പറയാന്‍’ എന്ന രണ്ടുവാക്കുകളിലൊതുക്കാം സൂപ്പര്‍ താരത്തിന്റെ കൊട്ടിഘോഷിച്ച പ്രതികരണവ്യായാമത്തെ.
മോഹന്‍ലാല്‍ ഒരു നടന് മാത്രമല്ല വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമ കൂടിയാണ്. വിതരണം മുതല്‍ മള്‍ട്ടിപ്ളക്സ് തീയ്റ്ററുകള്‍ വരെ നടത്തുന്ന സംരംഭകനാണ്. അതുകൊണ്ടുതന്നെ ഈ വ്യവസായത്തോടും അതില്‍ ബന്ധപ്പെട്ടു ജീവിക്കുന്നവരോടും അദ്ദേഹത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്. എന്നിട്ടും മലയാള ചലച്ചിത്ര ലോകം നേരിടുന്ന അതീവ ഗുരുതരമായ ഈ അവസ്ഥാ വിശേഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പയറഞ്ഞാഴിയും കുറെ സെന്റിമെന്റ്സും മാത്രം.’ ഞങ്ങള്‍ നിങ്ങള്‍ക്ക് ഇത്രപെട്ടെന്ന് അന്യരായോ’ എന്നൊക്കെ എട്ടന് ചങ്കുപൊട്ടി ചോദിക്കുമ്പോള്‍ കേട്ട് വിതുമ്പുന്ന കേരളമൊക്കെ പതിയ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍, തങ്ങള്‍ നിര്‍മിക്കുന്ന സിനിമകളില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരായ അഭിനേതാക്കള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ഇവരൊക്കെ നേരിടേണ്ടി വരുന്ന കടുത്ത ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് , മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും അന്വേഷിക്കാന്‍ ഈ സൂപ്പര്‍ താരങ്ങള്‍ തെയ്യാറായിട്ടുണ്ടോ. നിരവധി വനിതാ താരങ്ങള്‍ അമ്മയില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി കൊടുത്തിട്ടുണ്ടായിരുന്നു. ഇതിനു മുമ്പും അമ്മയുടെ അധ്യക്ഷനായിരുന്ന മോഹന്‍ലാല്‍ എപ്പോഴെങ്കിലും ആ പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ തെയ്യാറായിരുന്നോ? ഒരിക്കലുമില്ലായിരുന്നു, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പണികിട്ടിയെന്ന് ബോധ്യമായപ്പോള്‍ ഊരിപ്പോരാന്‍ സെന്റിമെന്റ്സിറക്കി കളിക്കുകയാണ്. ഭീരുത്വമാണ് മലയാളത്തിലെ സൂപ്പര്‍ മെഗാ താരങ്ങളുടെ മുഖുമുദ്രയെന്നുറപ്പിക്കാന് ഇതില്കൂടുതല് തെളിവുകള്‍ വേണ്ടല്ലോ?
മലയാള സിനിമാലോകത്തെ മുടിചൂടാമന്നന്മ്മാരില് പലരും വരും ദിവസങ്ങളില്‍ പൊതുസമൂഹത്തിന് മുന്നില്‍ നഗ്നരാക്കപ്പെടും. ഇത് മനസിലാക്കിക്കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യവും, ഒളിച്ചോട്ടവുമൊക്കെയാണ് ഇന്ന് മോഹന്‍ലാലിന്റെ മാധ്യമ സമ്മേളനത്തില്‍ കണ്ടത്. ഇനിയുള്ള ദിവസങ്ങളില്‍ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ കനം വയ്കും, മൂര്ച്ചയുമുണ്ടാകും. ഇത് മനസിലാക്കിക്കൊണ്ട് പ്രതികരിച്ചുവെന്ന് വരുത്തി തലയൂരാനാണ് സൂപ്പര്‍താരം ശ്രമിച്ചത്. മലയാള സിനിമയെ നിയന്ത്രിക്കുന്ന മറ്റൊരു മെഗാതാരമാകട്ടെ ഇതുവരെ വായ തുറന്നിട്ടില്ല. ഒരു സംവിധാനം ജീര്‍ണ്ണിച്ചു ദുര്‍ഗന്ധം പരത്തുമ്പോള്‍, ഈ ജീര്‍ണ്ണതയെക്കുറിച്ച് പൊതുസമൂഹത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ആ സംവിധാനത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നവരാണ് ഉത്തരവാദിത്തമേറ്റെടുത്ത് മറുപടി നല്‍കേണ്ടത്.
എന്നാല്‍ ഇവിടെ വളരെ ജൂനിയര്‍ ആയ അഭിനേതാക്കള്‍ പോലും തങ്ങളുടെ ഉറച്ച നിലപാടുകളുമായി മുന്നോട്ടുവന്നപ്പോള്‍ സഹ്യനേക്കാള്‍ തലപ്പൊക്കമുള്ളവര്‍ കുറ്റിക്കാടുകളില്‍ തലപൂഴ്ത്തിയിരിക്കുകയാണ്. തങ്ങള്‍ ഉത്തരം പറയേണ്ടിവരുന്ന കാലമാണ് വരുന്നതെന്ന് അവര്‍ അറിയുന്നുമില്ല. അറിയുമ്പോഴേക്കും കാലഹരണപ്പെടാനായിരിക്കും ഈ മഹാമേരുക്കളുടെ വിധി.