ന്യൂഡല്‍ഹി : ഐസിസി ഏകദിന ബൗളിങ് റാങ്കിങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരായ മാന്ത്രിക പ്രകടനമാണ് സിറാജിനെ ഒന്നാമതെത്തിച്ചത്. ഇത് രണ്ടാം തവണയാണ് സിറാജ് ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്നത്.
ബാറ്റിങില്‍ പാകിസ്ഥാന് താരം ബാബര്‍ അസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ അദ്ദേഹവുമായുള്ള അകലം ഗണ്യമായി കുറച്ചു. ഇരുവരും തമ്മില്‍ 43 റേറ്റിങ് പോയിന്റ് മാത്രമാണ് വ്യത്യാസമുള്ളത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ പാക് താരത്തെ മറികടക്കാന്‍ ഗില്ലിന് കഴിയും.
ഈ വര്‍ഷം കളിച്ച ഏകദിന മത്സരങ്ങളില്‍ മികവാര്‍ന്ന പ്രകടനമായിരുന്നു ഗില്ലിന്റെത്. അതില്‍ ഏഷ്യാക്കപ്പിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഏഷ്യാക്കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഗില്ലായിരുന്നു. ബംഗ്ലാദേശിനെ സെഞ്ച്വറി നേടിയ ഗില്‍ ടൂര്‍ണമെന്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും നേടി. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സും താരം ഇതിനകം നേടി. ഈ നേട്ടം കൈവരിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍.
ഏഷ്യാ കപ്പിന് മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്ന സിറാജ് എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 694 സിറാജിന്റെ റേറ്റിംഗ് പോയന്റ്. ഒന്നാം സ്ഥാനത്തായിരുന്ന ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് 678 പേയന്റുമായി രണ്ടാമതാണ്. ട്രെന്റ് ബോള്‍ട്ട് ആണ് മൂന്നാമത്. ഇന്ത്യയുടെ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാമതായി.
ബാറ്റിങ്ങില്‍ വിരാട് കോഹ്ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പത്താം സ്ഥാനത്ത് തുടരുന്നു. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാന് തന്നെയാണ് ഒന്നാമത്.