കണ്ണൂർ :വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ പതിനൊന്നരയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങും. തുടർന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പോകും.മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർക്കൊപ്പമാകും മോദിയുടെ വയനാട് സന്ദർശനം.
മോദിക്കായി വ്യോമസേനയുടെ മൂന്നു കോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി. ആവശ്യമെങ്കിൽ റോഡ് മാർഗം പോകാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തിച്ചു. എസ്.പി.ജി കമാൻഡോകൾക്കുള്ള വാഹനം, മൊബൈൽ ജാമർ തുടങ്ങിയവയും എത്തിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ വിമാനത്താവളത്തിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഉന്നത യോഗം ചേർന്നു. വയനാട്ടിൽ നിന്ന് ഹെലികോപ്റ്ററിൽ ഉച്ചകഴിഞ്ഞ് 3.40ന് കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി 3.45ന് ഡൽഹിയിലേക്കു മടങ്ങും. വിമാനത്താവളത്തിലും റോഡിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്.
ഉരുൾപൊട്ടൽ ബാധിത മേഖലകൾ സന്ദർശിക്കുന്നതിന് ശനിയാഴ്ച പ്രധാനമന്ത്രി എത്തുമ്പോൾ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും കേന്ദ്രത്തോട് ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ സമഗ്ര സഹായ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ.