കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ അദ്ദേഹം വെള്ളാര്‍മല ജിവിഎച്ച്എസും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ അദ്ദേഹം റോഡുമാർഗമാണ് ചൂരൽമലയിലേക്ക് തിരിച്ചത്.
ഇവിടെ നിന്ന് ചൂരൽമലയിലെ ബെയ്ലി പാലത്തിലൂടെ മറുകരയിലേക്ക് പോകും. തുടര്‍ന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ സൈനികരുമായും കൂടിക്കാഴ്ച നടത്തും. സ്കൂള്‍ റോഡില്‍ വെച്ച് എഡിജിപി എം.ആര്. അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
സന്ദർശനത്തിനുശേഷം ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി മോദി സംസാരിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15ന് തിരികെ കണ്ണൂരിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 3.55ന് മടങ്ങും.